യുഎസ് വിതരണം ചെയ്ത ദീർഘദൂര മിസൈലുകൾ ഉക്രെയ്ൻ ആദ്യമായി റഷ്യൻ പ്രദേശത്തേക്ക് തൊടുത്തുവിട്ടു. ഈ രീതിയിലുള്ള ആക്രമണങ്ങൾക്ക് വാഷിംഗ്ടൺ അനുമതി നൽകിയതിന് പിറ്റേ ദിവസം ആക്രമണം നടത്തിയതായി റഷ്യൻ സർക്കാർ പറഞ്ഞു. ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റം ഉപയോഗിച്ചതായി യുഎസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സംഭവത്തിൽ ഉക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ വടക്ക് ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന ബ്രയാൻസ്ക് മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഞ്ച് മിസൈലുകൾ വെടിവെച്ച് വീഴ്ത്തുകയും ഒരെണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും അതിൻ്റെ ശകലങ്ങൾ മേഖലയിലെ ഒരു സൈനിക കേന്ദ്രത്തിൽ തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. വാഷിംഗ്ടൺ സംഘർഷം ശക്തമാക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. “റഷ്യയ്‌ക്കെതിരായ പാശ്ചാത്യ യുദ്ധത്തിൻ്റെ പുതിയ മുഖമായി ഞങ്ങൾ ഇത് കണക്കാക്കും. അതിനനുസരിച്ച് ഞങ്ങൾ പ്രതികരിക്കും.”– റിയോ ഡി ജനീറോയിലെ ജി 20 ഉച്ചകോടിയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.