വൻകൂവർ : ‘ബോംബ് സൈക്ലോൺ’ ആഞ്ഞടിച്ചതോടെ ഇരുട്ടിലായി ബ്രിട്ടിഷ് കൊളംബിയയിലെ ആയിരക്കണക്കിന് ജനങ്ങൾ. യൂട്ടിലിറ്റി കണക്ക് അനുസരിച്ച് പ്രവിശ്യയുടെ വിവിധയിടങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേർക്ക് ഇന്ന് രാവിലെ മുതൽ വൈദ്യുതി ലഭ്യമായിരുന്നില്ല. വൈദ്യുതി മുടക്കം നേരിട്ട ഉപയോക്താക്കളിൽ ഭൂരിഭാഗവും വൻകൂവർ ദ്വീപിലും ഗ്വൽഫ് ദ്വീപുകളിലുമാണ്. അതേസമയം ലോവർ മെയിൻലാൻ്റിലും സൺഷൈൻ കോസ്റ്റിലുമായി ഏകദേശം 5,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നിലച്ചിരുന്നു. ബുധനാഴ്ച വരെ ശക്തമായ കാറ്റ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വൻകൂവർ ദ്വീപിലും സൺഷൈൻ കോസ്റ്റിലും കൂടുതൽ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നതായി ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ് പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.
വൻകൂവർ ദ്വീപിൽ മണിക്കൂറിൽ 100 കി.മീ വേഗതയിൽ കാറ്റ് വീശി. അതേസമയം വൻകൂവർ ദ്വീപിൻ്റെ വടക്കേ അറ്റത്തുള്ള സാർട്ടൈൻ ദ്വീപിൽ മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയുള്ള കൊടുങ്കാറ്റുണ്ടായതായി എൻവയൺമെൻ്റ് കാനഡ രേഖപ്പെടുത്തി. സാവ്വാസൻ ഫെറി ടെർമിനലിൽ മണിക്കൂറിൽ 87 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും ഏജൻസി അറിയിച്ചു.
മെട്രോ വൻകൂവറിലും സൺഷൈൻ കോസ്റ്റിലും ഡസൻ കണക്കിന് തകരാറുകൾ ഉണ്ടായതായി ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യുതി ലൈനുകളും മരങ്ങളും വീണ് വൻകൂവർ ദ്വീപിലെ ഒന്നിലധികം ഹൈവേകൾ അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. തകരാറിലായ പവർ ലൈനുകൾ, തൂണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ജീവനക്കാർ മാറ്റിസ്ഥാപിച്ചു വരികയാണെന്ന് സിറ്റി അറിയിച്ചു.