വൻകൂവർ: സാനിച്ചിൽ നിർമാണത്തിലിരുന്ന കോൺഡോ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ക്വാഡ്ര സ്ട്രീറ്റിലും ലോഡ്ജ് അവന്യൂവിലും സമീപത്തെ സാനിച്ച് റോഡിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് തീ പടർന്നു. ഇരുപത്തിരണ്ടിലധികം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് 100 അടി ഉയരത്തിൽ അന്തരീക്ഷത്തിലേക്ക് പടർന്ന തീ അണച്ചത്. തീപിടിത്തത്തെത്തുടർന്ന് സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ഇവരെ ബിസി ട്രാൻസിറ്റ് ബസുകളിൽ സാനിച് കോമൺവെൽത്ത് പ്ലേസിലെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫാൽമൗത്ത് റോഡുകൾക്കിടയിലുള്ള ക്വാഡ്ര സ്ട്രീറ്റ് വ്യാഴാഴ്ച വരെ അടച്ചിടും. തീപിടിത്തത്തെത്തുടർന്ന് പുലർച്ചെ 1:02 മുതൽ ക്വാഡ്ര സ്ട്രീറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള 2,163 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.