ബ്രാംപ്ടൺ : ബ്രാംപ്ടൺ ക്ഷേത്രത്തിന് മുന്നിൽ ഈ മാസം ആദ്യം നടന്ന പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് ആരാധനാലയങ്ങൾക്ക് പുറത്തുള്ള പ്രകടനങ്ങൾ നിരോധിക്കുന്നതിനായുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി ബ്രാംപ്ടൺ കൗൺസിൽ. ഇന്ന് രാവിലെ നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് മേയർ നിർദ്ദേശിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയത്. ഇതോടെ ബ്രാംപ്ടൺ ആരാധാനാലയങ്ങളുടെ 100 മീറ്ററിനുള്ളിൽ പ്രകടനങ്ങൾ നടത്താൻ സാധിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് 500 ഡോളറും, പരമാവധി 100,000 ഡോളറും പിഴ ലഭിക്കും.
അതേസമയം, പ്രതിഷേധിക്കാനുള്ള ആളുകളുടെ അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സന്തുലിതമാക്കുന്നതിനാണ് നിയമമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. ഏത് മതത്തിന്റെ ആരാധനാ കേന്ദ്രത്തിൽ പോയാലും തടസ്സം കൂടാതെ പ്രാർത്ഥിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നിയമ നിർമാണത്തിൽ ബ്രാംപ്ടണിലെ പ്രധാന മത പണ്ഡിതരോടും പൊലീസ് ഉദ്യോഗസ്ഥരോടും അഭിപ്രായം ആരാഞ്ഞിരുന്നുവെന്നും ബ്രൗൺ വ്യക്തമാക്കി. നവംബർ 3 ന് ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ‘സിഖ് ഫോർ ജസ്റ്റിസ്’ സംഘടനയിലെ അംഗങ്ങൾ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് മേയർ പ്രമേയം മുന്നോട്ട് വച്ചത്.