ടൊറൻ്റോ : ഉയര്‍ന്ന ഭക്ഷണ സാധനങ്ങളുടെ വിലയും തൊഴിലില്ലായ്മയും കാരണം പട്ടിണിയിലായി കാനഡയിലെ കുട്ടികളും കുടുംബങ്ങളും. രാജ്യത്ത് ഏറ്റവും കൂടുതൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളും കുടുംബങ്ങളും ടൊറൻ്റോയിലാണെന്ന് ചൈൽഡ് ആൻഡ് ഫാമിലി റിപ്പോർട്ട് സൂചിപ്പിക്കുന്നു. നഗരത്തിലെ ദരിദ്രരായ കുട്ടികളുടെ എണ്ണം തുടർച്ചയായി രണ്ട് വർഷം റെക്കോർഡ് സംഖ്യയിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ ഒമ്പത് വാർഡുകളിൽ 30 ശതമാനമോ അതിലധികമോ കുട്ടികളും കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020-നും 2021-നും ഇടയിൽ, ടൊറൻ്റോയിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 16.8 ശതമാനത്തിൽ നിന്ന് 20.6 ശതമാനമായി വർധിച്ചു. 2021 നും 2022 നും ഇടയിൽ ഈ റെക്കോർഡ് തകർത്ത് കുട്ടികളുടെ ദാരിദ്ര്യനിരക്ക് 4.7 ശതമാനം ഉയർന്ന് 25.3 ശതമാനത്തിലെത്തി, അതായത് 117,890 കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നു. നഗരത്തിൻ്റെ ഈസ്റ്റ് മേഖലയിൽ പ്രത്യേകിച്ച് കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഉയർന്നതായി റിപ്പോർട്ട് കണ്ടെത്തി. നഗരത്തിൽ ടൊറൻ്റോ സെൻ്ററിൽ 36.6% കുട്ടികൾ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ ദാരിദ്ര്യ നിരക്ക് 34.1 ശതമാനവുമായി സ്കാർബ്റോ-ഗിൽഡ്‌വുഡ് രണ്ടാം സ്ഥാനത്തെത്തി. ഹംബർ റിവർ-ബ്ലാക്ക് ക്രീക്ക് 33.9 ശതമാനവുമായി മൂന്നാം സ്ഥാനത്തെത്തി.
ടൊറൻ്റോ പോലെ സമ്പന്നമായ ഒരു നഗരത്തിൽ, കുട്ടികളിൽ നാലിലൊന്ന് പേർ ദാരിദ്ര്യത്തിൽ കഴിയുന്നു എന്നത് ആശങ്ക ഉയർത്തുന്നതായി ഫാമിലി സർവീസസ് ടൊറൻ്റോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജിൻ ഹു പറയുന്നു. കുട്ടികളെയും കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാൻ ഫെഡറൽ, പ്രവിശ്യ സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.