ഹാലിഫാക്സ് : വടക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആരംഭിക്കുന്ന ന്യൂനമർദ്ദം ശനിയാഴ്ച മാരിടൈംസിൽ കനത്ത മഴയ്ക്കും കാറ്റിനും കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ. ഈ കാലാവസ്ഥാ സംവിധാനത്തെ തുടർന്ന് ന്യൂബ്രൺസ് വിക്കിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച്ചയും അനുഭവപ്പെടും.
ഈ ന്യൂനമർദ്ദം സെൻ്റ് ലോറൻസ് ഉൾക്കടലിലേക്ക് നീങ്ങുമ്പോൾ മാരിടൈംസ് പ്രവിശ്യകളിലുടനീളമുള്ള കാലാവസ്ഥയിൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന സ്വാധീനം ചെലുത്തും. തിങ്കളാഴ്ച ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും കെയ്പ് ബ്രെറ്റണിലും ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. ശനിയാഴ്‌ച അതിരാവിലെ നോവസ്കോഷയിൽ ഉടനീളം മഴ പെയ്യും. 20 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ന്യൂബ്രൺസ് വിക്കിൻ്റെ ചില ഭാഗങ്ങളിൽ മഴയുടെ അളവ് കുറവായിരിക്കാം. തെക്കുകിഴക്കൻ ന്യൂബ്രൺസ് വിക്ക്, കിഴക്കൻ, തെക്കുപടിഞ്ഞാറൻ നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളും മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം ഹാലിഫാക്സിൻ്റെ കിഴക്ക് ഭാഗങ്ങളിൽ നിന്ന് കെയ്പ് ബ്രെറ്റൺ മുതൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശനിയാഴ്ച കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ട്. ഹൈലാൻഡ്‌സിൻ്റെ ഭൂപ്രകൃതി കാരണം, കെയ്പ് ബ്രെറ്റണിലെ വടക്കൻ ഇൻവെർനെസ് കൗണ്ടിയിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂബ്രൺസ് വിക്കിലെ അക്കാഡിയൻ പെനിൻസുല എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. മാരിടൈസിൻ്റെ ബാക്കി ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ വടക്കൻ തീരപ്രദേശത്തും ന്യൂബ്രൺസ് വിക്കിലെ അകാഡിയൻ പെനിൻസുലയിലും ശനിയാഴ്ച വലിയ തിരമാലകൾ ഉണ്ടായേക്കാം. തിങ്കളാഴ്‌ച രാവിലെയോടെ തിരമാലകൾ കുറയും.