കാൽഗറി: ആൽബർട്ട ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ (AIMCo) ബോർഡിൻ്റെ പുതിയ ചെയർമാനായി മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ. വർധിച്ചുവരുന്ന മാനേജ്‌മെൻ്റ് ഫീസും മോശം നിക്ഷേപ പ്രകടനവും കാരണം പ്രവിശ്യ അടുത്തിടെയാണ് ക്രൗൺ കോർപ്പറേഷനിലെ ഡയറക്ടർ ബോർഡിനെ പുറത്താക്കിയത്. കോവിഡ് മൂലം വിപണിയിലുണ്ടായ ആഘാതവും എണ്ണ വിലയിലുണ്ടായ മാറ്റവും കാരണം ആൽബർട്ടയുടെ പെൻഷൻ ഫണ്ട് മാനേജരായ എഐഎംകോ 2020 ൽ 400 കോടി ഡോളറിൻ്റെ നഷ്ടം നേരിട്ടിരുന്നു. ധനമന്ത്രി നേറ്റ് ഹോർണറെ എഐഎംകോ ബോർഡിൻ്റെ ഇടക്കാല ഡയറക്ടറും ചെയർമാനുമായി നിയമിച്ചു, എന്നാൽ ആ നിയമനം റദ്ദാക്കപ്പെട്ടു. തുടർന്ന് സ്റ്റീഫൻ ഹാർപറെ ചെയർമാനായി നിയമിച്ച്, പുതിയ എഐഎംകോ ബോർഡ് രൂപീകരിച്ചു.
നവജീത് സിംഗ് ധില്ലൺ, ജേസൺ മോണ്ടെമുറോ, ജെയിംസ് കിയോഹെൻ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. എഐഎംകോയും സർക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്, ആൽബർട്ടയുടെ ട്രഷറി ബോർഡിൻ്റെയും ധനകാര്യത്തിൻ്റെയും ഡെപ്യൂട്ടി മന്ത്രി കേറ്റ് വൈറ്റ് നഷ്ടപരിഹാരം കൂടാതെ എഐഎംകോയുടെ ബോർഡിൽ ചേരും. ആൽബർട്ട ഹെറിറ്റേജ് സേവിംഗ്സ് ട്രസ്റ്റ് ഫണ്ട് ഉൾപ്പെടെ 16000 കോടി ഡോളറിൻ്റെ ആസ്തികളാണ് എഐഎംകോ കൈകാര്യം ചെയ്യുന്നത്. ആൽബർട്ടയിലെ തൊഴിലാളികളെയും പെൻഷൻകാരെയും നികുതിദായകരെയും സംരക്ഷിക്കുന്നതിനും എഐഎംകോയുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതിനുമാണ് ബോർഡ് രൂപീകരിച്ചതും ഹാർപറെ നിയമിച്ചത്.