റെജൈന: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റെജൈനയിൽ ഗതാഗത തടസ്സം നേരിടുന്നു. നഗരത്തിൽ ഹൈവേകൾ അടച്ചു. പല പ്രധാന വഴികളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ റിംഗ് റോഡ്, ഡ്യൂഡ്‌നി അവന്യൂ, വിക്ടോറിയ അവന്യൂ എന്നിവിടങ്ങളിൽ വലിയ ട്രാഫിക് ബാക്ക്-അപ്പുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറുള്ള പ്ലെയിൻസ്‌വ്യൂ സ്കൂളിന് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് റെജൈന പബ്ലിക് സ്‌കൂൾ ഇമെയിലിലൂടെ അറിയിച്ചു. സുരക്ഷിതമല്ലാത്ത റോഡിലൂടെയുള്ള എല്ലാ തരം വിദ്യാർത്ഥി ഗതാഗതവും റദ്ദാക്കുന്നതായി റെജൈന കാത്തലിക് സ്കൂൾ ഡിവിഷൻ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നഗരത്തിൽ നീല, വെള്ള, മഞ്ഞ റൂട്ട് അടയാളപ്പെടുത്തിയ തെരുവുകളിൽ പാർക്കിംഗ് ഉണ്ടാവില്ല. ബാൽഗോണി മുതൽ മാനിറ്റോബ അതിർത്തി വരെ ഹൈവേ 1 അടച്ചു. റെജൈന ബൈപാസ് ഉൾപ്പെടെ ക്വീൻ സിറ്റിക്ക് ചുറ്റുമുള്ള മറ്റെല്ലാ റോഡുകളിലും രാവിലെ 7:30 ന് ‘ഇതിലൂടെ ഗതാഗതമില്ല’ എന്ന ബോർഡ് പതിച്ചിട്ടുണ്ട്.
അതേസമയം, ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തി വരികയാണെന്ന് സിറ്റി പറയുന്നു. മഞ്ഞ് കട്ടകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികാരികൾ വ്യക്തമാക്കി.