റിയോ ഡി ജനീറോ : ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും.നിയന്ത്രണ രേഖയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷമാണ് ചര്‍ച്ച നടന്നത്.അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രത്യേക പ്രതിനിധികളുടെയും മുതിര്‍ന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങള്‍ ഉടന്‍ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
സൈനിക പിന്മാറ്റം സമാധാനം നിലനിര്‍ത്തുന്നതിനു സഹായകമായതായി മന്ത്രിമാര്‍ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബന്ധങ്ങള്‍ സുസ്ഥിരമാക്കുന്നതിലും ഭിന്നതകള്‍ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് രണ്ടു മന്ത്രിമാരും വിലയിരുത്തി.
കൈലാസ് മാനസരോവര്‍ തീര്‍ഥാടനം പുനരാരംഭിക്കല്‍, അതിര്‍ത്തി കടന്നുള്ള നദികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടല്‍, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍, മീഡിയ എക്സ്ചേഞ്ചുകള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിസ പ്രോസ്സസിങ്ങുകള്‍ സുഗമമാക്കുക എന്ന വിഷയം വാങ് ഉന്നയിച്ചതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.