ബ്രാംപ്ടൺ : ബ്രാംപ്ടണിലെ ഹൈവേ 410-ൽ ഡ്രൈവറെ തോക്കും കത്തിയും ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP). ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സാൻഡൽവുഡ് പാർക്ക്വേയ്ക്കും മേഫീൽഡ് റോഡിനും ഇടയിലുള്ള ഹൈവേയിലാണ് സംഭവം.
ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനത്തിന്റെ പിന്നിൽ ഒരു ചുവന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ കൈത്തോക്കും കത്തിയും ചൂണ്ടി ഇയാളെ കവർച്ച ചെയ്തു. മോഷണത്തിൽ നാല് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കവർച്ചയ്ക്കിടെ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. പിന്നീട് വാഹനത്തിൽ കയറി അടുത്തുള്ള റസ്റ്റോറൻ്റിലേക്ക് പോയി, അവിടെ അദ്ദേഹം 911 എന്ന നമ്പറിൽ വിളിച്ചെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് ദൃക്സാക്ഷികളായവർ ഒപിപിയുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.