എഡ്മിന്‍റൻ : ടെക്‌സ്റ്റ് മെസേജുകൾ മുതൽ ഫോൺ കോളുകളും വ്യക്തിഗത ഇടപെടലുകളും അടക്കമുള്ള തട്ടിപ്പുകളിലൂടെ എഡ്മിന്‍റൻ നിവാസികൾക്ക് ഈ വർഷം നഷ്ടപ്പെട്ടത് കോടികൾ. വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ മൂന്ന് കോടി എഴുപത് ലക്ഷത്തിലധികം ഡോളറാണ് ജനങ്ങളിൽ നിന്നും തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ കനേഡിയൻ ആൻറി ഫ്രോഡ് സെൻ്ററിലോ പൊലീസിലോ വിവരം അറിയിക്കണം. കൂടാതെ പരാതി നൽകുമ്പോൾ എല്ലാ ഡോക്യുമെൻ്റേഷനുകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും ഹാജരാക്കണമെന്ന് എഡ്മിന്‍റൻ പൊലീസ് സർവീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ലിൻഡ ഹെർസെഗ് പറയുന്നു.
നഗരത്തിൽ ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളുമായി ഇത്തരക്കാർ രംഗത്ത് എത്തുന്നുന്നതായി പൊലീസ് അറിയിച്ചു. തട്ടിപ്പുകാർ കൂടുതലും ലക്ഷ്യം വെക്കുന്നത് മുതിർന്നവരെയാണ്. എന്നാൽ നൂതന സാങ്കേതികവിദ്യ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പമാക്കുന്നു. 18 മുതൽ 45 വയസ്സുവരെയുള്ള ആളുകൾ ഇപ്പോൾ മുതിർന്നവരേക്കാൾ കൂടുതൽ തവണ തട്ടിപ്പിന് ഇരയാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെ അയ്യായിരത്തിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി എഡ്മിന്‍റൻ പൊലീസ് സർവീസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. പല തട്ടിപ്പുകളും ഫോണിലൂടെയാണ് സംഭവിക്കുന്നത്. കാനഡ റവന്യൂ ഏജൻസി (CRA), ബാങ്കുകൾ തുടങ്ങിയ കമ്പനികളുടെ നമ്പറുകൾക്ക് സമാനമായ നമ്പറുകൾ തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നുണ്ട്.