വിനിപെഗ് : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മാനിറ്റോബയിൽ നിരവധി സ്കൂൾ അടയ്ക്കുകയും ബസുകൾ റദ്ദാക്കുകയും ചെയ്തു. പടിഞ്ഞാറൻ മധ്യ, വടക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ ഇന്നലെ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായതായി എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) അറിയിച്ചു. കൂടാതെ പടിഞ്ഞാറൻ മാനിറ്റോബയിൽ ശക്തമായ കാറ്റും ബാധിച്ചു.
ഇന്ന് വൈകിട്ടോടെ ചില പ്രദേശങ്ങളിൽ 30 മുതൽ 50 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 60 കി.മീ വേഗത്തിൽ വീശുന്ന വടക്കൻ കാറ്റ് കാഴ്ചക്കുറവിനും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് ECCC നിർദ്ദേശിച്ചു. ചൊവ്വാഴ്ച പടിഞ്ഞാറൻ മലനിരകളിൽ മഞ്ഞുവീഴ്ച ആരംഭിച്ചെങ്കിലും വിനിപെഗിലും കിഴക്കൻ റെഡ് റിവർ വാലിയിലും ബുധനാഴ്ച രാവിലെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. വിനിപെഗ് തടാകത്തിന് സമീപം അഞ്ച് സെൻ്റീമീറ്റർ വരെയും പടിഞ്ഞാറൻ റെഡ് റിവർ വാലിയിൽ 10 മുതൽ 15 സെൻ്റീമീറ്റർ വരെയും മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ച സ്കൂളുകൾ
- ബ്രാൻഡൻ സ്കൂൾ ഡിവിഷൻ – അലക്സാണ്ടർ, ഒ കെല്ലി, സ്പ്രിംഗ് വാലി എന്നീ സ്‌കൂളുകൾ അടച്ചു
- ഡിവിഷൻ സ്കൊലെയർ ഫ്രാങ്കോ-മാനിറ്റോബെയ്ൻ – എക്കോൾ സെൻ്റ്-ലസാരെ, എക്കോൾ ജോർസ് ഡി പ്ലെയിൻ, എക്കോൾ ലാ സോഴ്സ്, എക്കോൾ നോട്രെ-ഡേം ഡി ലൂർഡ്സ് എന്നിവ അടച്ചിരിക്കുന്നു.
- പ്രേരി റോസ് സ്കൂൾ ഡിവിഷൻ – എ മേഖലയിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നു
- റോളിംഗ് റിവർ സ്കൂൾ ഡിവിഷൻ – സ്കൂളുകൾ അടച്ചിരിക്കുന്നു
- സൗത്ത് വെസ്റ്റ് ഹൊറൈസൺ സ്കൂൾ ഡിവിഷൻ – ക്ലാസുകൾ റദ്ദാക്കി