ബെയ്റൂട്ട്: ഇറാന് പിന്തുണയുള്ള ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ വമ്പന്‍ ആയുധ ശേഖരം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലെബനനിലെ സ്കൂള്‍ മൈതാനത്ത് നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. 10 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ അറയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.
റോക്കറ്റുകള്‍, സ്ഫോടകസ്തുക്കള്, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ഉപകരണങ്ങളും കൂടാതെ സമീപത്തുള്ള കെട്ടിടത്തില്‍നിന്ന് ചില രേഖകളും സൈന്യം കണ്ടെത്തി.
ലെബനനിലെ ആളുകളുടെ വീടുകളുടെ അടിഭാഗത്തും ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കന്‍ മേഖലയിലേക്ക് ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു.
ആക്രമണങ്ങളെ തുടര്‍ന്ന് 68,000 കുടുംബങ്ങളാണ് ഇവിടെ നിന്ന് പലായനം ചെയ്തത്. ഒഴിഞ്ഞുപോയവര്‍ തിരികെ വരുന്നത് തടയാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പറഞ്ഞിരുന്നു. ഹിസ്ബുള്ള ആക്രമണം തുടര്‍ന്നതോടെയാണ് ലെബനനില്‍ ഇസ്രയേല്‍ യുദ്ധമുഖം തുറന്നത്.