ഓട്ടവ : പ്രവിശ്യയിലെ ഗ്രാമീണ പശ്ചിമ-മധ്യ മേഖലകളിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി മൂന്ന് വർഷത്തെ പൈലറ്റ് പ്രോഗ്രാം മാനിറ്റോബ സർക്കാർ പ്രഖ്യാപിച്ചു. വെസ്റ്റ് സെൻട്രൽ ഇമിഗ്രേഷൻ ഇനിഷ്യേറ്റീവ് പൈലറ്റ് പ്രോഗാം എന്ന പുതിയ സ്ഥിര താമസത്തിനുള്ള പാത്ത് വേ ഏഴ് ഗ്രാമീണ മുനിസിപ്പാലിറ്റികളുമായും ഗാംബ്ലർ ഫസ്റ്റ് നേഷനുമായും സഹകരിച്ച് പ്രവർത്തിക്കും. വിങ്ക്ലർ-സ്റ്റാൻലി, മോർഡൻ, പാർക്ക്ലാൻഡ് മേഖല എന്നിവിടങ്ങളിൽ നിലവിലുള്ള പ്രാദേശിക ഇമിഗ്രേഷൻ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പുതിയ പൈലറ്റ് പ്രോഗാം ആരംഭിച്ചിരിക്കുന്നത്.
റസ്സൽ-ബിൻസ്കാർത്ത്, യെല്ലോഹെഡ് റൂറൽ, റോബ്ലിൻ, എല്ലിസ്-ആർച്ചി റൂറൽ, റൈഡിങ് മൗണ്ടൻ വെസ്റ്റ് റൂറൽ, റോസ്ബേൺ, പ്രേരി വ്യൂ എന്നീ മുനിസിപ്പാലിറ്റികൾക്കൊപ്പം ഗാംബ്ലർ ഫസ്റ്റ് നേഷനുമാണ് വെസ്റ്റ് സെൻട്രൽ ഇമിഗ്രേഷൻ ഇനിഷ്യേറ്റീവ് പൈലറ്റ് പ്രോഗാമിൽ ഉൾപ്പെടുന്നത്. ഈ മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 240-300 ആളുകൾ ആവശ്യമായി വരുമെന്ന് മാനിറ്റോബ ലേബർ ആൻഡ് ഇമിഗ്രേഷൻ മന്ത്രി മലയ മാർസെലിനോ പറയുന്നു. ഈ പൈലറ്റ് പ്രോഗ്രാം തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനും സാമ്പത്തികവും സാമൂഹികവുമായ വളർച്ച പ്രാപ്തമാക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു.
ഫെഡറൽ ഗവൺമെൻ്റ്, പ്രൊവിൻഷ്യൽ ഗവൺമെൻ്റ്, പ്രാദേശിക കമ്മ്യൂണിറ്റികൾ എന്നിങ്ങനെ വിവിധ തലത്തിലുള്ള ഗവൺമെൻ്റുകൾ തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമുകൾ സാധാരണയായി അവതരിപ്പിക്കുന്നത്. എന്നാൽ, ഓരോ പൈലറ്റ് പ്രോഗ്രാമിനെയും ആശ്രയിച്ചായിരിക്കും യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുക. ചിലർക്ക് ജോലി ഓഫർ ആയിരിക്കാം യോഗ്യതാ മാനദണ്ഡങ്ങൾ. എന്നാൽ, തൊഴിൽ പരിചയം, ഭാഷാ പ്രാവീണ്യം, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയവും യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.