മൺട്രിയോൾ : കാനഡയിൽ നിന്നും മോഷ്ടിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് മൺട്രിയോൾ തുറമുഖം വഴിയാണെന്ന് കനേഡിയൻ ബോർഡർ സർവീസ് ഏജൻസി (CBSA). കാനഡയിൽ മോഷണം പോകുന്ന മിക്ക വാഹനങ്ങളും മൺട്രിയോൾ തുറമുഖം വഴിയാണ്, ആഫ്രിക്കയിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടത്തുന്നത്.
ഒരു വർഷത്തിനിടെ കെബെക്കിൽ നിന്നും റെക്കോർഡ് എണ്ണം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെടുത്തതായി ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷത്തെ 1,204 വാഹനങ്ങളുടെ റെക്കോർഡ് തകർത്ത് 2024-ൽ ഇതുവരെ മൺട്രിയോൾ തുറമുഖത്ത് നിന്നും 1,213 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തു. 2024-ൽ കാനഡയിലെ റെയിൽയാർഡുകളിൽ നിന്നും തുറമുഖങ്ങളിൽ നിന്നുമായി കണ്ടെടുത്ത 2,108 മോഷ്ടിച്ച കാറുകളിൽ 60 ശതമാനവും കെബെക്കിൽ നിന്നുള്ളതാണെന്ന് CBSA പറയുന്നു. അതേസമയം വാഹനമോഷണങ്ങളുടെ തലസ്ഥാനമായ ഒൻ്റാരിയോയിൽ നിന്നും മോഷ്ടിച്ച 650 വാഹനങ്ങൾ മാത്രമാണ് അതിർത്തി ഉദ്യോഗസ്ഥർ ഇതുവരെ പിടിച്ചെടുത്തത്. എന്നാൽ, വർഷത്തിൻ്റെ ആദ്യ പകുതിയിൽ വാഹന ഇൻഷുറൻസ് ക്ലെയിമുകളിൽ 19% കുറവുണ്ടായത് കണക്കിലെടുത്ത് ഈ വർഷം വാഹന മോഷണം കുറഞ്ഞതായി ഫെഡറൽ ഗവൺമെൻ്റ് പറയുന്നു.