ന്യൂ ഡൽഹി : ഇന്ത്യയിലും കാനഡയിലും കുപ്രസിദ്ധനായ ഗുണ്ടാ തലവൻ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോൽ ബിഷ്‌ണോയി യുഎസിൽ അറസ്റ്റിലായെങ്കിലും ആ രാജ്യത്ത് അഭയം തേടാൻ ശ്രമിക്കുന്നു. കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ ഇയാൾ അറസ്റ്റിലായിരുന്നു. ഇപ്പോൾ അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അന്‍മോൽ, കഴിഞ്ഞ വര്‍ഷമാണ് കാനഡയിലേക്ക് കടന്നത്. അൻമോലിനെ ഇന്ത്യയിലെത്തിക്കാൻ മുംബൈ പൊലീസ് നീക്കങ്ങൾ ആരംഭിച്ചിരിക്കെയാണ് യുഎസിൽ അഭയം തേടാൻ അഭിഭാഷകൻ വഴി അപേക്ഷ സമർപ്പിച്ചത്. ബാബാ സിദ്ദിഖി വധത്തിനായി അന്‍മോൽ ബിഷ്ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവയ്പ് എന്നിവയിലെല്ലാം അന്‍മോലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
യുഎസ് ജയിൽ വെബ്‌സൈറ്റിൽ ഇയാളുടെ വിശദാംശങ്ങളുണ്ട്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും രേഖകളില്ലാത്ത കുടിയേറ്റവും കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അൻമോലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതായി വെബ്‌സൈറ്റിൽ പറയുന്നു. അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിച്ചതിനാണ് അറസ്റ്റ് എന്നാണ് വിവരം.അറസ്റ്റിന് മുൻപ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വിഭാഗമായ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വഴി അൻമോൽ യുഎസിൽ അഭയം തേടുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതിനാൽ അൻമോലിനെ ഉടൻ ഇന്ത്യയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ കൈമാറാൻ സാദ്ധ്യതയില്ല. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതാണ് യുഎസ് നിയമം.