നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ എ.ആര്‍ റഹ്മാനുമായി പിരിയുകയാണെന്ന് സൈറ ബാനു വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. റഹ്മാന്‍– സൈറ വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ റഹ്മാന്‍റെ ട്രൂപ്പിലെ ബേസ് ഗിത്താറിസ്റ്റായ മോഹിനി ഡേയും താന്‍ ഭര്‍ത്താവുമായി വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ഇതോടെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ പലവിധത്തില്‍ പ്രചരിക്കുകയായിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൈറയുടെ വേര്‍പിരിയലിന് ഇതല്ല കാരണമെന്നുമാണ് അഭിഭാഷക വന്ദന ഷാ പ്രതികരിച്ചത്. ‘വേര്‍പിരിയല്‍ തീരുമാനം പൂര്‍ണമായും അവര്‍ ഇരുവരുടെയും മാത്രമായിരുന്നു. നിലവില്‍ പുറത്തുവരുന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈകാരികബന്ധത്തിന് കൂട്ടിച്ചേര്‍ക്കാനാവാത്ത ഉലച്ചില്‍ സംഭവിച്ചതിനാല്‍ പിരിയുന്നുവെന്നായിരുന്നു സൈറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
29കാരിയായ മോഹിനി കൊല്‍ക്കത്ത സ്വദേശിയാണ്. ഗാന്‍ ബംഗ്ലയുടെ ‘വിന്‍ഡ് ഓഫ് ചെയ്ഞ്ചില്‍ മോഹിനിയുണ്ടായിരുന്നു. റഹ്മാനൊപ്പം വിവിധ രാജ്യങ്ങളിലായി നാല്‍പതോളം ഷോകള്‍ മോഹിനി ചെയ്തിട്ടുണ്ട്. സംഗീതജ്ഞനായ ഭര്‍ത്താവ് മാര്‍ക് ഹാര്‍ത്സച്ചുമായി പിരിയുകയാണെന്ന് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹിനി വ്യക്തമാക്കിയത്.
‘ഹൃദയഭാരത്തോടെയാണ് മാര്‍കുമായി പിരിയുന്നുവെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിത്. നല്ല സുഹൃത്തുക്കളായി ഇനിയും തുടരും. രണ്ടുപേരുടെയും വ്യത്യസ്ത വഴികളാണെന്ന തിരിച്ചറിവാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അവര്‍ കുറിച്ചു. എല്ലാവരോടും സ്നേഹമാണുള്ളതെന്നും നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മോഹിനിയും മാര്‍കും വ്യക്തമാക്കി. ദയവ് ചെയ്ത് മറ്റൊരു നിഗമനങ്ങളും വിധികളും തീര്‍ത്തും സ്വകാര്യമായ വേര്‍പിരിയലില്‍ ഉയര്‍ത്തരുതെന്നും അവര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അടുപ്പിച്ച് ഇരുവരുടെയും വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മോഹിനിയാണോ റഹ്മാന്‍റെെയും സൈറയുടെയും ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തി.
1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. മൂന്ന് മക്കള്‍ ഈ ബന്ധത്തിലുണ്ട്. ‘മുപ്പതിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, പക്ഷേ ഇതിവിടെ അവസാനിക്കുകയാണ്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരം താങ്ങാനാവാതെ ദൈവത്തിന്‍റെ സിംഹാസനങ്ങള്‍ പോലും വിറച്ചേക്കാമെന്നും തകര്‍ന്നുപോയവ ഇനിയൊരിക്കലും കൂടിച്ചേരില്ലെങ്കിലും ഈ ഉലച്ചിലിലും ഞങ്ങള്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഈ ഘട്ടത്തില്‍ സ്വകാര്യതയെ മാനിക്കാന്‍ സുഹൃത്തുക്കള്‍ കാണിക്കുന്ന ദയയ്ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.