ടൊറൻ്റോ : കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിൽ ഉൾപ്പെട്ട പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പീൽ പൊലീസ്. കഴിഞ്ഞ വർഷം ടൊറൻ്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ബ്രാംപ്ടൺ സ്വദേശി പ്രശാന്ത് പരമലിംഗം (35)ത്തിനെതിരെയാണ് ബെഞ്ച് വാറണ്ട് പുറപ്പെടുവിച്ചത്. മോഷ്ടിച്ച സ്വർണക്കട്ടികളുമായി വിമാനത്താവളത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച പ്രശാന്ത് പരമലിംഗം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ സിമ്രാൻ പ്രീത് പനേസർ, അർസലൻ ചൗധരി എന്നീ രണ്ട് പ്രതികൾക്കായി കാനഡയിലുടനീളം വാറൻ്റുകൾ പ്രാബല്യത്തിലുണ്ട്.
2023 ഏപ്രിൽ17-ന് ടൊറൻ്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോയിൽ നിന്നാണ് ഏകദേശം 400 കിലോ ഭാരംവരുന്ന 6600 സ്വർണക്കട്ടികൾ കടത്തിയത്. ഏകദേശം രണ്ട് കോടിയിലേറെ ഡോളർ, അതായത് 120 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്. കാൽക്കോടിയോളം ഡോളർ മൂലമ്യുള്ള കറൻസിയും മോഷ്ടാക്കൾ കൈക്കലാക്കി. എയർ കാനഡയുടെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരുടെ കൂടി സഹായത്തോടെയായിരുന്നു ഈ ഹൈടെക് കവർച്ച. സമുദ്രോൽപ്പന്നങ്ങളുടെ കാർഗോ കൈപ്പറ്റിയ വേബിൽ, കാർഗോയിൽതന്നെ പ്രതികളുടെ സഹായത്തോടെ പ്രിന്‍റെടുത്ത്, വ്യാജ വേബിൽ തയാറാക്കിയാണ് പ്രതികൾ സ്വർണം കടത്തിയത്.
പ്രോജക്ട് 24 കാരറ്റ് എന്ന് പേരിട്ട അന്വേഷണത്തിനൊടുവിൽ 2024 ഏപ്രിലിൽ, കേസിൽ ഉൾപ്പെട്ട ബ്രാംപ്ടൺ സ്വദേശിയും എയർ കാനഡ ജീവനക്കാരനുമായിരുന്ന പരംപാൽ സിന്ധു (54), ഓക് വിൽ സ്വദേശി അമിത്ത് ജലോട് (40), ജോർജ് ടൗൺ സ്വദേശി അമാഡ് ചൗധരി (43), ടൊറൻ്റോ സ്വദേശി ജൂൽറി ഉടമ കൂടിയായ അലി റാസ (37), ബ്രാംപ്ടൺ സ്വദേശി പ്രശാന്ത് പരമലിംഗം (35) എന്നിവർ അറസ്റ്റിലായിരുന്നു.
ഇവരെ കൂടാതെ സ്വർണ്ണം കടത്തിയ ട്രക്കിന്‍റെ ഡ്രൈവർ വാങ്ങിക്കൂട്ടിയ തോക്കിന്‍റെ വൻ ശേഖരവുമായി അമേരിക്കയിലെ പെൻസിൽവേനിയയിൽ കുടുങ്ങുകയും ചെയ്തു. കാനഡയിലേക്കു കടത്തുന്നതിനായി വാങ്ങിക്കൂട്ടിയതാണ് ഇവയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മറ്റ് രണ്ട് പ്രതികൾ യുകെയിലും ഇന്ത്യയിലോ ദുബായിലോ ഉണ്ടെന്നാണ് കരുതുന്നത്.