വാഷിങ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് യു.എസ്. അറ്റോർണി ജനറലായി നിർദ്ദേശിച്ച മാറ്റ് ഗെയ്റ്റ്സ് പിന്മാറി. പകരം അറ്റോർണി ജനറൽ സ്ഥാനത്തേക്ക് പാം ബോണ്ടിയെ ഡൊണൾഡ് ട്രംപ് ശുപാർശ ചെയ്തു. ലൈംഗികപീഡനം മയക്കുമരുന്ന് കേസുകളിൽ ജനപ്രതിനിധിസഭ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം മാറ്റ് ഗെയ്റ്റ്സ് നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് മാറ്റ് ഗെയ്റ്റ്സ് പിന്മാറുകയും പാം ബോണ്ടിയെ ശുപാർശ ചെയുകയും ചെയ്തത്. തനിക്കെതിരേയുള്ള ആരോപണങ്ങളുടെ പേരിൽ രണ്ടാം ട്രംപ് സർക്കാരിനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് താൻ പിന്മാറുന്നതെന്ന് ഗെയ്റ്റ്സ് പറഞ്ഞു.
വ്യാഴാഴ്ച ക്യാപിറ്റോൾ മന്ദിരത്തിൽ ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ ഗെയ്റ്റ്സിനെതിരായുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവിടുന്നതിൽ വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ റിപ്പോർട്ട് പുറത്ത് വിടരുതെന്നും അഞ്ച് ഡെമോക്രാറ്റിക് അംഗങ്ങൾ പുറത്ത് വിടണമെന്നും അഭിപ്രായപ്പെട്ടു. ഇതോടെ കമ്മിറ്റി ആശയകുഴപ്പത്തിലായതോടെ ഒരു തീരുമാനവും എടുക്കാൻ സാധിച്ചില്ല. ഇതിന്റെ തുടർ നടപടികൾക്കായി അടുത്തമാസം കമ്മിറ്റി വീണ്ടും ചേരും. ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു ഗെയ്റ്റ്സ്. അറ്റോർണിയായി ട്രംപ് നാമനിർദേശം ചെയ്തതോടെ ജനപ്രതിനിധിസഭ അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു.