ഫ്രെഡറിക്ടൺ : ഉയർന്ന ജീവിതച്ചെലവിനൊപ്പം ഇന്ധനവിലയും കുതിച്ചുയർന്നപ്പോൾ പ്രതിസന്ധിയിലായ ന്യൂബ്രൺസ് വിക് നിവാസികൾക്ക് ആശ്വാസ നടപടികളുമായി പുതിയ സർക്കാർ. ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച പുതിയ ഭേദഗതികൾ അംഗീകരിക്കപ്പെട്ടാൽ, ഡിസംബറോടെ പ്രവിശ്യയിലെ പെട്രോൾ, ഡീസൽ വില കുറയും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയ നിയമത്തിലെ ഭേദഗതികൾ അംഗീകരിച്ചാൽ പെട്രോൾ-ഡീസൽ എന്നിവയുടെ വിലയിൽ നിന്ന് കാർബൺ അഡ്ജസ്റ്ററിൻ്റെ വില നീക്കം ചെയ്യും. ഈ മാറ്റം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കാർബൺ അഡ്ജസ്റ്റർ നീക്കം ചെയ്യുന്നതിലൂടെ പെട്രോൾ-ഡീസൽ വിലയിൽ ലിറ്ററിന് നാല് സെൻ്റ് കുറയുമെന്ന് പ്രവിശ്യ ഫിനാൻസ് ആൻഡ് ട്രഷറി ബോർഡ് മന്ത്രി റെനെ ലെഗസി പറയുന്നു. കൂടാതെ ന്യൂബ്രൺസ് വിക് നിവാസികളെ സഹായിക്കാൻ വാടക പരിധി പോലുള്ള മറ്റ് നടപടികൾ, വൈദ്യുതി ബില്ലുകളുടെ പ്രവിശ്യാ വിൽപ്പന നികുതിക്ക് തുല്യമായ തുക നീക്കം ചെയ്യൽ തുടങ്ങിയവയും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി അറിയിച്ചു.