ഓട്ടവ : വർധിച്ചു വരുന്ന ജീവിതച്ചെലവിൽ കഷ്ടപ്പെടുന്ന കനേഡിയൻ പൗരന്മാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി താൽക്കാലിക നികുതി ഇളവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കുട്ടികളുടെ വസ്ത്രങ്ങൾ, ഡയപ്പറുകൾ, റസ്റ്ററൻ്റ്, മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണം, സാധാരണ സ്റ്റോക്കിംഗ് സ്റ്റഫറുകൾ എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രണ്ട് മാസത്തെ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) രാജ്യത്തുടനീളം ഡിസംബർ 14 മുതൽ പ്രാബല്യത്തിൽ വരും.
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിനൊപ്പം ഒൻ്റാരിയോയിലെ ഷാരോണിൽ നടന്ന ചടങ്ങിൽ പുതിയ “വർക്കിങ് കനേഡിയൻസ് റിബേറ്റും” പ്രധാനമന്ത്രി പ്രഖ്യാപിച്ചു. “വർക്കിങ് കനേഡിയൻസ് റിബേറ്റ്” ആയി 250 ഡോളർ വീതം ഒരു കോടി 87 ലക്ഷം കനേഡിയൻ പൗരന്മാർക്ക് വിതരണം ചെയ്യും. കാനഡ റവന്യൂ ഏജൻസി, റിബേറ്റുകൾ നേരിട്ട് ഡെപ്പോസിറ്റ് വഴിയോ ചെക്ക് വഴിയോ നൽകുമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
ഡിസംബർ 14 മുതൽ 2025 ഫെബ്രുവരി 14 വരെയാണ് താൽക്കാലിക നികുതി ഇളവ് നൽകുക. ഡിസംബർ 14 മുതൽ, GST, HST എന്നിവ വ്യാപാര സ്ഥാപനങ്ങൾ നീക്കം ചെയ്യും. ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, ന്യൂബ്രൺസ് വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത പ്രവിശ്യകളിൽ മാത്രമാണ് എച്ച്എസ്ടി നിരക്ക് ഈടാക്കുന്നത്. രാജ്യത്തുടനീളം നികുതി ഇളവ് നടപ്പിലാക്കുന്നതിന് 160 കോടി ഡോളർ ചിലവാകും.
GST ഇളവ് ലഭിക്കുന്നവ :
- വെജിറ്റബിൾ ട്രേകൾ, മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണങ്ങളും സലാഡുകളും, സാൻഡ്‌വിച്ചുകളും
- റസ്റ്ററൻറ് ഭക്ഷണം, ഡൈൻ-ഇൻ, ടേക്ക്ഔട്ട് അല്ലെങ്കിൽ ഡെലിവറി
- ചിപ്‌സ്, മിഠായികൾ, ഗ്രാനോള ബാറുകൾ എന്നിവയുൾപ്പെടെയുള്ള ലഘുഭക്ഷണങ്ങൾ
- ബിയർ, വൈൻ, സൈഡർ, 7 ശതമാനത്തിൽ താഴെയുള്ള എബിവിയിൽ താഴെയുള്ള പ്രീ-മിക്‌സ്ഡ് ലഹരിപാനീയങ്ങൾ
- കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, കാർ സീറ്റുകൾ, ഡയപ്പറുകൾ
- കുട്ടികളുടെ കളിപ്പാട്ടങ്ങൾ
- പുസ്തകങ്ങൾ, അച്ചടി പത്രങ്ങൾ, പസിലുകൾ
- ക്രിസ്മസ് ട്രീ