ടൊറന്റോ: മിഡ്ടൗണിൽ ദുരൂഹസാഹചര്യത്തിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചതായി കണ്ടെത്തിയതിൽ അമ്മയ്ക്കെതിരെ കേസെടുത്ത് ടൊറന്റോ പൊലീസ്. എഗ്ലിൻ്റൺ അവന്യൂവിലെ അലൻ റോഡ് ഏരിയയിൽ നിന്നും ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ കുഞ്ഞിന്റെ മരണം ആശുപത്രിയിൽ വച്ച് സ്ഥിരീകരിക്കുകയായിരുന്നു. അമ്മയായ മുപ്പതു വയസ്സുള്ള കരേസ എഡ്വേർഡ്സ് കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാനായിരുന്നു തീരുമാനം.
ടൊറന്റോയിലെ മാർലി, റോസ്ലോൺ അവന്യൂവുകൾക്ക് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നും കുഞ്ഞിനെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കൃത്യമായി എവിടെ നിന്നാണ് കണ്ടെത്തിയതെന്ന കാര്യത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല. കൊലപാതക വിഭാഗം അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.