ഹാലിഫാക്സ് : വരാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നികുതി വെട്ടിക്കുറയ്ക്കാനും വീടുകൾ പണിയാനും ഉടൻ നടപടി സ്വീകരിക്കുമെന്ന് നോവ സ്കോഷ ലിബറലുകൾ. ആദ്യത്തെ 100 ദിവസത്തിനുള്ളിൽ ഫെഡറൽ കാർബൺ ടാക്സ് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അറ്റ്ലാൻ്റിക് പ്രീമിയർമാരുടെ യോഗം വിളിച്ച് ചേർക്കുമെന്നും ലിബറൽ ക്യാംപെയ്ൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എൻ എസ് ലിബറൽ പാർട്ടി ലീഡർ സാക്ക് ചർച്ചിൽ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂ ബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ടിന് ഈ ആശയത്തിൽ താൽപ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രവിശ്യാ ലിബറൽ സർക്കാർ അധികാരമേറ്റാൽ ആദ്യ 100 ദിവസത്തിൽ നടത്താനിരിക്കുന്ന പദ്ധതി ചർച്ചിൽ വിശദീകരിച്ചു. 15% മുതൽ 13% വരെ വിൽപന നികുതി കുറയ്ക്കുക, വനിതാ ആരോഗ്യ സംരക്ഷണത്തിനായി മന്ത്രിയെ നിയമിക്കുക, ആദായനികുതി വെട്ടിക്കുറച്ചുള്ള ബജറ്റ് അവതരിപ്പിക്കുക, 80,000 പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി എന്നിവ അതിൽ ഉൾപ്പെടുന്നു.