ഫ്രെഡറിക്ടൺ : ന്യൂബ്രൺസ് വിക്കിൽ അഞ്ചാംപനി കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം വിദേശത്ത് നിന്ന് എത്തിയ ഒരാളിൽ ആരംഭിച്ച അഞ്ചാംപനി ഇപ്പോൾ 44 ആളുകളിലേക്ക് പടർന്നു പിടിച്ചതായി പ്രവിശ്യ ആരോഗ്യ വകുപ്പ് വക്താവ് ഡേവിഡ് കെല്ലി അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളും ഫ്രെഡറിക്ടണിലും അപ്പർ സെൻ്റ് ജോൺ റിവർ താഴ്‌വരയുടെ ചില ഭാഗങ്ങളിലും ആണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും ആദ്യം കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 80 ശതമാനത്തിലധികം അണുബാധകളും 19 വയസ്സിന് താഴെയുള്ളവരിലാണെന്നും ഡേവിഡ് കെല്ലി പറയുന്നു. രോഗം ബാധിച്ചവരിൽ ആരും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. രോഗം ബാധിച്ചിട്ടില്ലാത്തവർ, അതിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ, അല്ലെങ്കിൽ കാര്യമായ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്രെഡറിക്ടണിലും നവംബർ 27-ന് വുഡ്‌സ്റ്റോക്കിലും നവംബർ 29-ന് സ്റ്റാൻലിയിലും മീസിൽസ് വാക്‌സിനേഷൻ ക്ലിനിക്കുകൾ നടത്തുമെന്ന് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് അറിയിച്ചു.