ഹാലിഫാക്സ് : നോവസ്കോഷ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ശക്തമായ മുന്നേറ്റം തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. നരേറ്റീവ് റിസർച്ച് നടത്തിയ സർവേയിൽ പങ്കെടുത്ത 44% വോട്ടർമാരും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. എന്നാൽ, ഓഗസ്റ്റിലെ 53 ശതമാനത്തിൽ നിന്നും പിന്തുണ ഇടിഞ്ഞതായി സർവേ സൂചിപ്പിക്കുന്നു.
അതേസമയം എൻഡിപിക്ക് ഉള്ള പിന്തുണ കഴിഞ്ഞ സർവേയെ അപേക്ഷിച്ച് വർധിച്ചതായി കണ്ടെത്തി. ഓഗസ്റ്റിലെ 19 ശതമാനത്തിൽ നിന്ന് 28 ശതമാനമായി എൻഡിപിക്കുള്ള പിന്തുണ വർധിച്ചതായി സർവേയിൽ പറയുന്നു. എന്നാൽ, ലിബറൽ പാർട്ടിയ്ക്കുള്ള പിന്തുണ 24 ശതമാനമാണ്. വേനൽക്കാലം മുതൽ ആ കണക്ക് മാറിയിട്ടില്ല. സ്ത്രീകളും ചെറുപ്പക്കാരും (18-34 വയസ്സ്) ലിബറലിനെ അപേക്ഷിച്ച് എൻഡിപിക്ക് വോട്ടുചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രീമിയർ സ്ഥാനത്തേക്ക് 35 ശതമാനം പിന്തുണയുള്ള പിസി നേതാവ് ടിം ഹ്യൂസ്റ്റണാണ് മുൻനിരയിൽ. തുടർന്ന് 23% വോട്ടർമാരുടെ പിന്തുണയോടെ എൻഡിപിയുടെ ക്ലോഡിയ ചെൻഡർ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. സർവേയിൽ പ്രതികരിച്ചവരിൽ 15% പേർ ലിബറൽ ലീഡർ സാക്ക് ചർച്ചിലിനെയാണ് പ്രീമിയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.