ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കുമെതിരെ അമേരിക്കയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് കുറ്റപത്രം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കൂപ്പു കുത്തി. അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി സൊലൂഷൻസ് എന്നിവയുടെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തിൽ 20 ശതമാനം വരെ ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന്റെ വില 22.61 ശതമാനം ഇടിവോടെ 2,183.65 രൂപയിലെത്തി. അംബുജ സിമന്റ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി പവർ, എൻഡിടിവി, എസിസി എന്നിവയുടെയും ഓഹരികൾ കുത്തനെ ഇടിഞ്ഞു.
അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ 2.24 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. ഗൗതം അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയിലധികം ഇടിവുണ്ടായി. ഹിണ്ടൻബെർഗ് ആരോപണത്തിന് ശേഷം ഒരു ദിവസം അദാനി ഗ്രൂപ്പ് കമ്പനികളിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗ്രൂപ്പിലെ പ്രമുഖ നിക്ഷേപകരായ സിജിക്യുവിന്റെ ഓഹരി വിലയിലും കനത്ത ഇടിവുണ്ടായി.
അതേസമയം, ആരോപണങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത ഇടിവുണ്ടാക്കി. സെൻസെക്സ് 422.59 പോയിന്റ് നഷ്ടത്തോടെ 77,155.79ൽ അവസാനിച്ചു. നിഫ്റ്റി 168.86 പോയിന്റ് ഇടിഞ്ഞ് 23,349.90ൽ എത്തി.