കാൽഗറി : നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച്ച ഞായറാഴ്ച വരെ തുടരുമെന്ന് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) പ്രവചനം. ഇന്നും ഞായറാഴ്ച രാവിലെയും ഇടയിൽ, കാൽഗറിയിൽ 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ഇസിസിസി കാലാവസ്ഥാ നിരീക്ഷക മരിയാന ഗ്രീനോഫ് അറിയിച്ചു.
കാൽഗറി നഗരപരിധിക്ക് പുറത്തുള്ള മിക്കവാറും എല്ലാ ഹൈവേകളും മഞ്ഞ് മൂടിയതായി അധികൃതർ അറിയിച്ചു. നഗരത്തിനുള്ളിലെ റോഡുകളും മഞ്ഞുമൂടിയ നിലയിലാണ്. ചില പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും മഞ്ഞുമൂടിയ നിലയിലാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന റോഡ് അവസ്ഥകൾക്കായി ഡ്രൈവർമാർ തയ്യാറെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാഹനങ്ങളിൽ വിൻ്റർ അല്ലെങ്കിൽ ഓൾ-സീസൺ ടയറുകൾ ഉപയോഗിക്കണം. വാരാന്ത്യത്തിൽ എവിടെയെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്നും മരിയാന ഗ്രീനോഫ് മുന്നറിയിപ്പ് നൽകി.