ഓട്ടവ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ ഐസിസിയുടെ അറസ്റ്റ് വാറണ്ട് ശരിവച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തങ്ങൾ അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുന്നു. അന്താരാഷ്ട്ര കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും തങ്ങൾ പാലിക്കുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ട്രൂഡോ വ്യക്തമാക്കി. ഒരു വർഷമായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധ കുറ്റകൃത്യങ്ങളിലും മനുഷ്യരാശിക്ക് എതിരായ അതിക്രമങ്ങളിലും പങ്കാളിയായെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ജസ്റ്റിൻ ട്രൂഡോ.
അതേസമയം, വാറണ്ടുകൾ പാലിക്കുന്ന കാനഡയുടെ നിലപാടിനെതിരെ കാനഡയിലെ ഇസ്രയേൽ അംബാസഡർ ഇദ്ദോ മൊയ്ദ് രംഗത്തെത്തി. ഐസിസിയുടെ തീരുമാനത്തെ നിരസിച്ച് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ പിന്തുണയ്ക്കണമെന്ന് കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി മൊയ്ദ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഐസിസി അംഗമല്ലാത്ത അമേരിക്ക കോടതിയുടെ തീരുമാനം തള്ളിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വംശഹത്യ, മനുഷ്യരാശിക്ക് ദോഷം ചെയ്യുന്ന കുറ്റകൃത്യങ്ങൾ, യുദ്ധ കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ അംഗരാജ്യങ്ങളെ വിചാരണ ചെയ്യുന്നതിനായി 2002 -ൽ രൂപീകരിച്ച ഐസിസിയിലെ 124 രാജ്യങ്ങളിൽ കാനഡയും ഉൾപ്പെടുന്നു. ജൂലൈയിൽ ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചെങ്കിലും കമാൻഡക്കെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.