കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി.
സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണമെന്നും പറഞ്ഞു.
എന്നാൽ, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു.മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി വിധി.