മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ സഞ്ചരിച്ച ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരെയാണ് പൊലീസ് കാസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. സംഘത്തിൽ ഇനിയും 5 പേർ കൂടി ഉണ്ടെന്നാണ് വിവരം.
സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലെത്തിയ പ്രതികൾ സ്വർണം കവർന്നത്. രാത്രി 9 മണിയോടെയാണ് കവർച്ച നടന്നത്. ജ്വല്ലറി മുതൽ കവർച്ച സംഘം പിന്തുടരനുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കവർച്ച നടത്തിയത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറഞ്ഞു.