വിക്ടോറിയ : ഗ്രേറ്റർ വിക്ടോറിയയിലെ സാനിച് പെനിൻസുലയിൽ പക്ഷിപ്പനി കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും ബയോസെക്യൂരിറ്റി പ്രോട്ടോക്കോൾ പ്രഖ്യാപിച്ചതായി പ്രവിശ്യ കൃഷി, ഭക്ഷ്യ മന്ത്രി ലാന പോഫാം അറിയിച്ചു. പ്രവിശ്യയിലുടനീളം 54 കോഴി ഫാമുകളിൽ പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തെക്കൻ വാൻകൂവർ ദ്വീപിലെ ഒരു ഫാമും കാംബെൽ നദി പ്രദേശത്തുള്ള മറ്റൊന്നും ഉൾപ്പെടുന്നു, പോഫാം പറഞ്ഞു.

സാനിച്ചിലെ പനാമ ഫ്ലാറ്റ്‌സ് കാട്ടുപക്ഷികൾ കുടിയേറുന്ന സ്ഥലമാണെന്നും സാനിച് പെനിൻസുലയിൽ വൈറസ് എത്തിയത് കാട്ടുപക്ഷികൾ വഴി ആയിരിക്കുമെന്നും മന്ത്രി ലാന പോഫാം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫ്ലാറ്റിലെ ജലാശയങ്ങളിൽ നിരവധി നീർക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ദേശാടനം നടത്തുന്ന പക്ഷികളുടെ കൂട്ടത്തിലൂടെ ഈ പ്രദേശത്ത് ഏവിയൻ ഫ്ലൂ വരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ചത്ത കാട്ടുപക്ഷികളെ നിരീക്ഷിക്കുകയും അധികൃതരെ വിവരം അറിയിക്കുകയും വേണം, ലാന പോഫാം നിർദ്ദേശിച്ചു.