ഓട്ടവ : ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും വാരാന്ത്യത്തിൽ കാനഡയുടെ ചില ഭാഗങ്ങളിൽ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ഡിസംബർ 21-നാണ് കാനഡയിൽ ശീതകാലം ഔദ്യോഗികമായി ആരംഭിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, കാനഡയിൽ പൊതുവെ തണുപ്പുള്ള ശൈത്യകാലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദി വെതർ നെറ്റ്‌വർക്ക് പ്രവചിച്ചിട്ടുണ്ട്.

അതിശൈത്യകാലാവസ്ഥാ അനുഭവപ്പെടുന്ന ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, ഒൻ്റാരിയോ, കെബെക്ക്, സസ്കാച്വാൻ, ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സാസ്കറ്റൂൺ ഉൾപ്പെടെ സെൻട്രൽ സസ്കാച്വാനിലെ ചില ഭാഗങ്ങളിൽ കാറ്റിനൊപ്പം താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ആൽബർട്ടയിലും വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലും കനത്ത മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നു.
വടക്കു പടിഞ്ഞാറൻ എഡ്മിന്‍റനിൽ ഏകദേശം 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കാം. എന്നാൽ 50 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച ഉണ്ടായേക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. സുപ്പീരിയർ തടാകത്തിന് സമീപമുള്ള സൂ സെ മാരി, സെൻ്റ് ജോസഫ് ദ്വീപ് പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രിയോടെ 50 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഹുറോൺ തടാകത്തിലും ജോർജിയൻ ഉൾക്കടലിലും ഞായറാഴ്ച അവസാനത്തോടെ 75 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ചയും കാണാനാകും.

അതേസമയം കിഴക്കൻ മേഖലയിൽ മഞ്ഞുവീഴ്ച വലിയ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഫെഡറൽ ഏജൻസി പ്രവചിക്കുന്നു. പകരം ശക്തമായ കാറ്റ് വീശും. അറ്റ്‌ലാൻ്റിക് കാനഡയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.