ഓട്ടവ : രാജ്യവ്യാപകമായി നടക്കുന്ന തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് സാന്താ ലെറ്റർ പ്രോഗ്രാമിൻ്റെ സമയപരിധി നീക്കം ചെയ്തതായി കാനഡ പോസ്റ്റ്. ക്രിസ്മസ് കാലത്ത് കാനഡയിലെ കുട്ടികളിൽ നിന്ന് ഓരോ വർഷവും ഉത്തരധ്രുവത്തിലേക്ക് 15 ലക്ഷത്തോളം കത്തുകൾ എത്തിക്കാൻ സഹായിക്കുന്ന പ്രോഗ്രാമാണ് സാന്താ ലെറ്റർ പ്രോഗ്രാം. ഐക്കണിക് H0H 0H0 തപാൽ കോഡ് ഉപയോഗിച്ച് സാന്തയ്ക്ക് ഒരു കത്ത് അയക്കാനുള്ള സമയപരിധി ഡിസംബർ 6 ആയിരുന്നു. എന്നാൽ ഇപ്പോൾ സമയപരിധി നീക്കം ചെയ്തതായി പോസ്റ്റൽ സർവീസ് പ്രസ്താവനയിൽ പറയുന്നു. നവംബർ 15-ന് രാജ്യവ്യാപകമായി 55,000 കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ തപാൽ വിതരണം താൽക്കാലികമായി നിർത്തിയിരുന്നു.
തപാൽ വിതരണം പുനഃരാരംഭിച്ചു കഴിഞ്ഞാൽ, എല്ലാ കത്തുകളും ഉത്തരധ്രുവത്തിൽ എത്തിക്കുകയും മറുപടി ലഭിക്കുകയും ചെയ്യുമെന്ന് ഉറപ്പാക്കും, കാനഡ പോസ്റ്റ് വ്യക്തമാക്കി. എന്നാൽ ഡെലിവറി തീയതി ഇപ്പോൾ ഉറപ്പു നൽകാൻ കഴിയില്ലെന്നും കാനഡ പോസ്റ്റ് അറിയിച്ചു. 40 വർഷങ്ങൾക്ക് മുമ്പ് പ്രോഗ്രാം ആരംഭിച്ചതുമുതൽ, സാന്തയുടെ ഉത്തരധ്രുവ പോസ്റ്റ് ഓഫീസ് നാല് കോടി അമ്പത് ലക്ഷത്തിലധികം കത്തുകൾക്ക് മറുപടി ലഭിച്ചിട്ടുണ്ടെന്ന് കാനഡ പോസ്റ്റ് പറയുന്നു.