വിനിപെഗ് : മാനിറ്റോബയിൽ കൊല്ലപ്പെട്ട മാർസിഡസ് മൈറൻ്റെയും മോർഗൻ ഹാരിസിൻ്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്.മാലിന്യക്കൂമ്പാരത്തിൽ നടക്കുന്ന തെരച്ചിൽ നാലാം ഘട്ടത്തിലേക്ക് കടന്നതായി പ്രൊജക്‌റ്റ് മാനേജ്‌മെൻ്റ് ലീഡ് അംന മാക്കിനൊപ്പം പ്രീമിയർ വാബ് കിന്യൂ പറഞ്ഞു. അവശിഷ്ടങ്ങൾ ഉണ്ടെന്ന് കരുതുന്ന ലാൻഡ്ഫിൽ മെറ്റീരിയലിൻ്റെ മേഖലയിൽ ഒരു സംഘം തിങ്കളാഴ്ച തെരച്ചിൽ ആരംഭിച്ചു.പ്രേരി ഗ്രീൻ ലാൻഡ്‌ഫില്ലിൽ ഒരു ട്രക്ക് ആദ്യത്തെ ലോഡ് മെറ്റീരിയൽ തിരച്ചിൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കിന്യൂ വ്യക്തമാക്കി.കാണാതായ യുവതികളുടെ കുടുംബാംഗങ്ങൾ, ഫോറൻസിക് വിദഗ്ധർ, ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ, ഓപ്പറേഷൻസ് ഡയറക്ടർ എന്നിവരുൾപ്പെടെ സെർച്ച് ടീമിൽ 45 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇവരുടെ മരണവുമായി ബന്ധപ്പെട്ട തീയതിയും സമയവും സൂചിപ്പിക്കുന്ന ചില അവശിഷ്ടങ്ങൾ ലഭിച്ചതായും ഇത് സൂക്ഷ്മമായി നിരീക്ഷിച്ച് കൂടുതൽ തെരച്ചിൽ നടത്തുമെന്നും കിന്യൂ വ്യക്തമാക്കി.വസന്തകാലം വരെ തെരച്ചിൽ തുടരുമെന്നും അഞ്ച്-ഘട്ടങ്ങളുള്ള പദ്ധതിയുടെ നാലാം ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മൈറൻ്റെയും ഹാരിസിൻ്റെയും അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ഏകദേശം 20,000 ക്യുബിക് മീറ്റർ മാലിന്യ കൂമ്പാരത്തിലാണ് തെരച്ചിൽ നടത്തുന്നത്. നാലാം ഘട്ടത്തിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെങ്കിൽ അഞ്ചാമത്തെ ഘട്ടത്തിൽ സെല്ലുകളിൽ ആഴത്തിലുള്ള ഖനനം ഉൾപ്പെടുത്തിയെക്കുമെന്നും മാക്കിൻ കൂട്ടിച്ചേർത്തു.