ടൊറൻ്റോ : ഒൻ്റാരിയോ പ്ലേസിൻ്റെ പുനഃനിർമ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഫോർഡ് ഗവൺമെൻ്റ് പരാജയപ്പെട്ടതായി ഒൻ്റാരിയോ ഓഡിറ്റർ ജനറൽ. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുമ്പോൾ തന്നെ ഉദ്യോഗസ്ഥർ തേം കാനഡയുമായും മറ്റ് അപേക്ഷകരുമായും നേരിട്ട് ആശയവിനിമയം നടത്തിയെന്നും ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് റിപ്പോർട്ട് ചെയ്തു.
ഒൻ്റാരിയോ പ്ലേസിൻ്റെ പുനർവികസനത്തിനുള്ള ചിലവ് 220 കോടി ഡോളറായി ഉയർന്നുവെന്നും ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് കുറ്റപ്പെടുത്തി. 2019-ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ നിശ്ചയിച്ച 42 കോടി 40 ലക്ഷം ഡോളറിനെക്കാൾ അഞ്ചിരട്ടിയായി ഇപ്പോൾ പുനഃനിർമ്മാണ ചിലവ് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ ഒൻ്റാരിയോ സയൻസ് സെൻ്ററിൻ്റെ നിർമ്മാണത്തിന് 70 കോടി ഡോളർ, പാർക്കിങ് സംവിധാനത്തിന് 28 കോടി ഡോളർ, സൈറ്റ്-സർവീസ് ചിലവ് 34 കോടി 69 ലക്ഷം ഡോളർ, പൊതുമേഖലാ മെച്ചപ്പെടുത്തലുകൾക്ക് 50 കോടി ഡോളർ എന്നിവ പുതിയ ചിലവുകളിൽ ഉൾപ്പെടുന്നു. എന്നാൽ, ആ ചിലവുകളിൽ ചിലത് ഇതിലും കൂടുതലായിരിക്കുമെന്നും എസ്റ്റിമേറ്റിൽ സൈറ്റിൻ്റെ അറ്റകുറ്റപ്പണി ചിലവുകൾ ഉൾപ്പെടുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സയൻസ് സെൻ്റർ മാറ്റുന്നത് നിലവിലെ സൈറ്റ് പരിപാലിക്കുന്നതിനേക്കാൾ ചിലവേറിയതാണെന്ന് ഓഡിറ്റർ ആവർത്തിച്ചു. 2028-ൽ പുതിയ സയൻസ് സെൻ്റർ തുറക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 2029-ൽ മാത്രമേ സെൻ്റർ തുറക്കാനാകൂവെന്നും ഷെല്ലി സ്പെൻസ് പറഞ്ഞു.