ടൊറൻ്റോ : ഒൻ്റാരിയോയിൽ കുട്ടികൾക്കിടയിൽ വാക്കിങ് ന്യുമോണിയ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. പുതിയ കണക്കുകൾ പ്രകാരം, പോസിറ്റിവിറ്റി നിരക്ക് കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നും പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ പറയുന്നു. ജനുവരി 1 നും നവംബർ 15 നും ഇടയിൽ നടത്തിയ 4,069 പിസിആർ ടെസ്റ്റുകളിൽ 733 എണ്ണം പോസിറ്റീവായതായി ഹെൽത്ത് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിനും നവംബറിനുമിടയിൽ പ്രതിമാസം 25 മുതൽ 30 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുകൾ എത്തി.
അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി നിരക്കെന്നും പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ശരാശരി 45 ശതമാനം. ഒന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ളവർ 25.5 ശതമാനം. 18 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ പോസിറ്റീവ് നിരക്ക് 4.6 ശതമാനമാണ്. ഈ അടുത്ത മാസങ്ങളിൽ കെബെക്ക്, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളിൽ വാക്കിങ് ന്യുമോണിയ കേസുകളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും പബ്ലിക് ഹെൽത്ത് ഏജൻസികൾ പറയുന്നു. തൊണ്ടവേദന, ചുമ, തലവേദന, ക്ഷീണം, പനി എന്നിവയാണ് വാക്കിങ് ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇത് ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ എന്നറിയപ്പെടുന്ന കൂടുതൽ ഗുരുതരമായ ശ്വാസകോശ അണുബാധയായി മാറും.