ലിങ്ക് വിവാദങ്ങൾക്കും ചർച്ചകൾക്കുമിടെ
അന്താരാഷ്ട്ര തലത്തിൽ തിളക്കം തുടർന്ന് പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും ചിത്രം നേടിയിരിക്കുകയാണ് . ഡെഡ് ലെെന്‍ എന്ന യുഎസ് ബേസ് ചെയ്തുള്ള പോർട്ടലാണ് ഇക്കാര്യം അറിയിച്ചത്. 2024 ലെ ഗോഥം അവാർഡ്സിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ പുരസ്കാരം സ്വന്തമാക്കുകയും മികച്ച സംവിധാനത്തിനുള്ള വിഭാഗത്തില്‍ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നേട്ടം.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രം 2023-ലെ ഗ്രാൻഡ് പ്രിക്സ് അവാർഡ് സ്വന്തമാക്കിയിരുന്നു . കൂടാതെ 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കി.
‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ചർച്ചകളിൽ ഇടം നേടുകയും ചെയ്തു.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.