ഡൽഹി: അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ അമൃത്‍സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച് വധശ്രമം. രണ്ടു തവണ സുഖ്ബീർ സിങ് ബാദലിനുനേരെ വെടിയുതിർത്തു. ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീർ സിങിൻറെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. സുവർണ ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീർ സിങിനുനേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, അക്രമിയെ ഉടൻ തന്നെ സുഖ്ബീർ സിങിൻറെ ഒപ്പമുണ്ടായിരുന്നവർ കീഴ്പ്പെടുത്തുകയായിരുന്നു.സംഭവത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ പതിച്ചതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീർ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാരണയൺ സിങ് എന്നായാളാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു.