കാനഡയെ പരിഹസിക്കുന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം അമേരിക്ക-കാനഡ ബന്ധത്തെ വീണ്ടും ഉലക്കുന്നു. ‘ഓ കാനഡ’ എന്ന അടിക്കുറിപ്പോടെ കാനഡയെ നോക്കി നിൽക്കുന്ന AI ജനറേറ്റഡ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരിക്കുകയാണ് ട്രംപ്. ഒരു പർവതനിരയെ അഭിമുഖീകരിക്കുന്ന പാറക്കെട്ടിന് മുകളിൽ, കനേഡിയൻ പതാകയ്ക്ക് സമീപം നിൽക്കുന്ന ട്രംപിനെ കാണാം.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ആശയവിനിമയം നടത്തി ഒരു ദിവസത്തിന് ശേഷമാണ് AI ചിത്രം ട്രംപ് പോസ്റ്റ് ചെയ്യുന്നത്. കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന തീരുവ, കാനഡയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന ട്രൂഡോയുടെ നിലപാടിനെ കഴിഞ്ഞ ദിവസം നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കളിയാക്കിയിരുന്നു. കാനഡയുടെ സമ്പദ് വ്യവസ്ഥ തകർന്നാൽ അവരെ അമേരിക്കയുടെ അൻപത്തിയൊന്നാമത് സംസ്ഥാനമാക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ഒരു തമാശ എന്നാണ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വിശേഷിപ്പിച്ചത്.
എന്നാൽ ട്രംപിന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ വിമർശിച്ചും, പരിഹസിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്. എത്രയും പെട്ടന്ന് കാനഡയെ അമേരിക്കക്ക് കൂടെ ചേർക്കണമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, വീണ്ടും ഒരു ട്രംപ് തമാശ എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. എന്നാൽ കൂടിയ അളവിൽ പ്രകൃതി വാതക ശേഖരമുള്ള കാനഡയുടെ മേൽ ട്രംപ് കണ്ണുവെക്കുന്നതിനെ ആശങ്കയോടെ പ്രതികരിക്കുന്നവരെയും സാമൂഹ്യ മാധ്യമങ്ങളിൽ കാണാം.
എന്തായാലും ട്രംപ് അമേരിക്കയിൽ അധികാരമേൽക്കുന്നതോടെ കാനഡയുടെ അമേരിക്കൻ നയം മാറ്റി എഴുതേണ്ടി വന്നേക്കാമെന്നാണ് രാഷ്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.