പത്തനംതിട്ട: കാനഡയിലെ സ്‌കാര്‍ബറോയില്‍ താമസിക്കുന്ന പ്രവാസി നിഖിലിന്റെയും നവവധുവിന്റെയും ഉള്‍പ്പെടെ നാലുപേരുടെ അപകടമരണം നാടിനെയാകെ ഞെട്ടിച്ചിരിക്കയാണ്. ഇവരുടെ മാരുതി സ്വിഫറ്റ് കാര്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നിഗമനം. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തേക്കെടുത്തത്.
ഡ്രൈവർ ഉറങ്ങിപ്പാേയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട എസ് പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് പറയപ്പെടുന്നു. മലേഷ്യയിലുണ്ടായിരുന്ന അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം എന്നാണ് പറയുന്നത്.
നിഖിലിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. സ്‌കാര്‍ബറോയില്‍ താമസിക്കുന്ന നിഖില്‍ വിവാഹത്തിനായി നവംബര്‍ 28-നാണ് നാട്ടിലേക്ക് വന്നത്. നവംബര്‍ 30-നായിരുന്നു വിവാഹം. നവവധു അനുവും അനുവിന്റെ പിതാവ് ബിജുവും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തില്‍ മരിച്ചു. അനു ഒഴിച്ചുള്ളവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.