വൻകൂവർ : ശനിയാഴ്ച രാവിലെ ബ്രിട്ടിഷ് കൊളംബിയ സൗത്ത് കോസ്റ്റിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി. രാവിലെ ഒമ്പതര വരെ, ലോവർ മെയിൻലാൻഡ്, സൺഷൈൻ കോസ്റ്റ് മേഖലകളിലെ 60,000 ബിസി ഹൈഡ്രോ ഉപയോക്താക്കൾ ഇരുട്ടിലായിരുന്നു. കൂടാതെ വൻകൂവർ ദ്വീപിൽ പതിനാറായിരത്തിൽ അധികം പേർക്കും വൈദ്യുതി ഇല്ലായിരുന്നുവെന്ന് യൂട്ടിലിറ്റി പറയുന്നു.
ശക്തമായ കാറ്റിൽ മരങ്ങൾ വീണ് സ്റ്റാൻലി പാർക്ക് കോസ്‌വേ ഉൾപ്പെടെയുള്ള റോഡുകൾ അടച്ചു. കാറ്റിൽ മരങ്ങൾ വീഴുകയും ടോഫിനോയിലും അക്ലൂലെറ്റിലും വൈദ്യുതി ലൈനുകൾ മറിഞ്ഞു വീഴുകയും ചെയ്തതായി ബിസി ഹൈഡ്രോ പറഞ്ഞു. വൈകിട്ട് നാല് മണിയോടെ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂട്ടിലിറ്റി അറിയിച്ചു. ഇന്ന് വലിയ തിരമാലകളോടൊപ്പമുള്ള ശക്തമായ വേലിയേറ്റം കാരണം വൻകൂവർ ദ്വീപിൻ്റെ പടിഞ്ഞാറൻ തീരത്തും മെട്രോ വൻകൂവറിൻ്റെ തീരപ്രദേശത്തും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഫെഡറൽ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.