ദുബായ് : കൂടുതൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ സജ്ജമാക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 740 ഇവി ചാർജിങ് പോയന്റുകൾ കൂടിയാണ് എമിറേറ്റിലുടനീളം പുതുതായി സ്ഥാപിച്ചത്. ചാർജിങ് പോയിന്റുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് ദീവയുടെ വെബ്സൈറ്റ്, ആപ് എന്നിവയ്ക്കൊപ്പം മറ്റ് ഡിജിറ്റൽ പ്ലാറ്റുഫോമുകളും ഉപയോഗിക്കാം. അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ ബോക്സ് ചാർജറുകൾ എന്നിവ ഉൾപ്പെടെ ദീവ നൽകുന്ന വിപുലമായ ചാർജിങ് ഓപ്ഷനുകൾ വ്യത്യസ്ത ഇലക്ട്രിക് വാഹനങ്ങളെ ഉൾക്കൊള്ളാൻ സഹായകമാണ്. നിലവിൽ 16,828 ഉപഭോക്താക്കളാണ് ചാർജിങ് ശൃംഖലയിൽനിന്ന് പ്രയോജനം നേടുന്നത്.
2050ഓടെ ദുബായിലെ 50% വാഹനങ്ങൾ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തിന് പിന്തുണയേകുന്നതാണ് പദ്ധതി. നിലവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 34,970 ആണ്. ഇലക്ട്രിക് വാഹന രംഗത്തെ ധ്രുതഗതിയിലുള്ള ഈ വളർച്ചയെ പിന്തുണക്കുന്നതിൽ ദീവയുടെ ചാർജിങ് പോയിന്റുകൾക്ക് നിർണായകമായ പങ്കുണ്ട്.
ദുബായിയെ സുസ്ഥിരമായ ഊർജം, ഗതാഗത മാർഗങ്ങൾ എന്നിവയുടെ ഉപയോഗത്തിൽ ആഗോള മുൻനിര നഗരമായി മാറ്റുന്നതിൽ ദീവ പ്രതിജ്ഞാബദ്ധമാണെന്ന് എംഡിയും സിഇഒയും സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. വൈദ്യുതി വാഹനങ്ങൾ സ്വീകരിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഭാവിയിലേക്ക് സംഭാവന നൽകുന്നതിനുമായി ഇ വി ചാർജിങ് ശൃംഖലകൾ വ്യാപിപ്പിച്ച് വ്യക്തികളെയും ബിസിനസുകളെയും പിന്തുണക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇ വി ചാർജിങ് രംഗത്തെ അടിസ്ഥാന സൗകര്യമേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി നേരത്തേ ടെസ്ല, യുഎഇവി എന്നീ സ്വകാര്യ കമ്പനികൾക്ക് സ്വതന്ത്ര ചാർജിങ് പോയിന്റ് ഓപറേറ്റർ ലൈസൻസ് ദീവ അനുവദിച്ചിരുന്നു.