മൺട്രിയോൾ: മൺട്രിയോളിൽ അനൂറിസം രോഗബാധയെതുടർന്ന് യുവാവ് മരിച്ചു. ആദം ബർഗോയ്ൻ(39) എന്ന യുവാവാണ് മരിച്ചത്. ശക്തമായ നെഞ്ചുവേദനയും ഓക്കാനവും ശ്വസതടസവും കാരണം ആദം ആശുപത്രിയിലെത്തിയിരുന്നു. ആറ് മണിക്കൂർ അത്യാഹിത വിഭാഗത്തിൽ തുടരുകയും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിവിടുകയുമായിരുന്നു. പിറ്റേന്ന് യുവാവ് മരണമടഞ്ഞതായി സ്ഥിരീകരിച്ചു.എന്നാൽ ആദം ബർഗോയ്ൻ ഏത് ആശുപത്രിയിലാണ് ചികിത്സതേടിയതെന്ന് വ്യക്തമല്ല.
മരണറിപ്പോർട്ടിനെ തുടർന്ന് ആദം ബർഗോയ്നിന്റെ സോഷ്യൽമീഡിയ പോസ്റ്റും ചർച്ചയാവുകയാണ്.ഡിസംബർ അഞ്ചിന് തൻ്റെ എക്സ് അക്കൗണ്ടിൽ തനിക്ക് “ആരോഗ്യഭീതി” ഉണ്ടെന്നും എന്നാൽ ഇസിജിയിൽ ഹൃദയാഘാതം ആയിരുന്നില്ലെന്ന് സ്ഥിരീകരിച്ചതായും ആദം പോസ്റ്റിൽ കുറിച്ചു.
രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങൾ ബലൂൺ പോലെ പുറത്തേയ്ക്ക് വീർക്കുന്ന രോഗമാണ് അനൂറിസം. രക്തക്കുഴൽ അതിന്റെ ശേഷിക്കപ്പുറം വികസിക്കുമ്പോൾ, അവ പൊട്ടിപ്പോകുകയും തലച്ചോറിലേക്കും അല്ലെങ്കിൽ ചുറ്റുമുള്ള ഇടങ്ങളിലേയ്ക്കും രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. ചിലപ്പോൾ അനൂറിസം മരണത്തിന് വരെ കാരണമായേക്കാം.