വയനാട്: മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പിഴവ് ചൂണ്ടിക്കാട്ടി പഞ്ചായത്തിൽ പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകൾ ഒന്നിലധികം തവണ ഉണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.
388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല.പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയും സമരക്കാർ ഉന്നയിച്ചു.
പ്രതിഷേധക്കാര്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുമായി സംസാരിക്കുകയും പിന്നീട് പ്രതിഷേധത്തിലേക്ക് നീങ്ങുകയുമായിരുന്നു. അതി വൈകാരികമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണമെന്നും പരാതിക്കാര്‍ പറയുന്നു.
മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള പൂർണ ഉത്തരവാദിത്വം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.