ബെയ്ജിങ്: തയ്‌വാന് ആയുധം നൽകുന്ന യുഎസിനു മുന്നറിയിപ്പുമായി ചൈന രംഗത്ത്. തീ കൊണ്ട് കളിക്കരുതെന്നാണ് ചൈനീസ് അധികൃതർ യുഎസിന് മുന്നറിയിപ്പ് നൽകിയത്. 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയതിനു പിന്നാലെയാണ് ചൈനയുടെ ഈ പ്രതികരണം.
പ്രതിരോധ ഉൽപ്പന്നങ്ങളുടെ കൈമാറ്റവും സേവനവും സൈനിക പരിശീലനവുമെല്ലാം ഇടപാടിന്റെ ഭാഗമാണ്. തയ്‌വാൻ സ്വന്തം ഭാഗമാണെന്നാണു ചൈനയുടെ അവകാശവാദം. തയ്‌വാന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ നീക്കങ്ങൾ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽനിന്നുള്ള ഭീഷണി നേരിടാനാണു യുഎസ് തയ്‌വാന് ആയുധങ്ങള്‍ നൽകുന്നത്. ആയുധങ്ങൾ നൽകിയതിനു തയ്‌വാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.