ടെൽ അവീവ്: അധിക ജോലിസമ്മർദ്ദവും സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പും ശക്തമായതിനെ തുടർന്ന് ഇസ്രയേൽ സൈന്യത്തിൽ കൊഴിഞ്ഞുപോക്ക് രൂക്ഷം.പശ്ചിമേഷ്യയിലെമ്പാടും തലങ്ങും വിലങ്ങും ആക്രമണം നടത്തുന്ന ഇസ്രയേലിനെ ഈ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയിലാക്കുന്നു.2024 ൽ ഇതുവരെ സൈന്യത്തിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം വൻതോതിൽ സ്വയം പിരിഞ്ഞുപോയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേജർ റാങ്കിലുള്ള 500 പേരാണ് ആറുമാസത്തിനിടെ സേവനം അവസാനിപ്പിച്ചത്. അഞ്ച് ലഫ്റ്റനന്റ് കേണൽമാരും രാജിവച്ചു. യുദ്ധാരംഭത്തിൽത്തന്നെ ഇസ്രയേൽ സൈന്യം വേണ്ടത്ര മാനവശേഷിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. 2022ൽ 613 മേജർമാർ രാജിവച്ചു.സൈന്യവുമായി കൂടിയാലോചനയില്ലാതെ പുതിയ മേഖലകളിൽ കടന്നാക്രമണം നടത്താനുള്ള സർക്കാർ തീരുമാനം സൈനികരെ വൻ സമ്മർദത്തിലാക്കുന്നു.കൂടാതെ രാജ്യത്തെമ്പാടും സർക്കാർ സംവിധാനങ്ങളിൽ ജീവനക്കാരുടെ കുറവ് പ്രത്യക്ഷമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തിയിരുന്നു. കുട്ടികളെ കൊന്നൊടുക്കുന്നത് യുദ്ധമല്ല, ക്രൂരതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണത്തിൽ ഏഴുകുട്ടികൾ അടക്കം ഒരു കുടുംബത്തിലെ പത്തുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മാർപാപ്പയുടെ പ്രതികരണം.