ന്യൂയോര്‍ക്ക്: 2018 ഓഗസ്റ്റ് 12ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2024 ഡിസംബര്‍ 24ന് ചരിത്രം സൃഷ്ടിക്കും. വിക്ഷേപിച്ച് ആറ് വര്‍ഷത്തിന് ശേഷം ക്രിസ്തുമസ് തലേന്ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കും. സൗര പര്യവേഷണത്തില്‍ നിര്‍ണായക നിമിഷമായിരിക്കും ഇത്.
സൂര്യന്റെ ഏറ്റവും പുറത്തുള്ള കവചമായ കൊറോണയെ കുറിച്ച് പഠിക്കാന്‍ നാസ 2018 ഓഗസ്റ്റില്‍ വിക്ഷേപിച്ച റോബോട്ടിക് ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ആറ് വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ ഈ വരുന്ന ഡിസംബര്‍ 24ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് 3.8 ദശലക്ഷം മൈല്‍ അടുത്തെത്തും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം 93 ദശലക്ഷം മൈലാണ്. . മാത്രമല്ല, അതിവേഗത്തിലായിരിക്കും പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യനെ വലംവെക്കുക. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു സെക്കന്‍ഡ് കൊണ്ട് എത്തുന്ന വേഗത്തിലാവും പേടകം സൂര്യനുചുറ്റും സഞ്ചരിക്കുക. സൗരപ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് ഈ ദൗത്യത്തിനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
സൂര്യന്റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയമാണ് കൊറോണ. 685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്റെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്ളോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം.1,371 സെല്‍ഷ്യസ് താപനിലയെ വരെ ചെറുക്കാനാവുന്ന തരത്തില്‍ 1.43 സെന്റീമീറ്റര്‍ കട്ടിയുള്ള കാര്‍ബണ്‍-സംയോജിത കവചം ഉപയോഗിച്ചാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബും അതിലെ ഉപകരണങ്ങളും സംരക്ഷിച്ചിരിക്കുന്നത്.