പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ വിഷയത്തില്‍ മറ്റൊരു പ്രതികരണം കൂടി സന്ദീപ് വാര്യര്‍ നടത്തിയിട്ടുണ്ട്.
പാലക്കാട് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക. ഇതാണ് ബിജെപി. എന്നാണ് സന്ദീപ് നടത്തിയ മറ്റൊരു പ്രതികരണം.
നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോള്‍ നടത്തുമ്പോഴാണ് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ എത്തിയത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കൂള്‍ ജീവനക്കാരെ അസഭ്യം പറയുകയും.പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ക്രിസ്തുമസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നാണ് പവര്‍ത്തകര്‍ പറഞ്ഞത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം എല്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.