അബുദാബി: കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർത്ഥികളുടെ ആരോഗ്യവും, ജീവിത നിലവാരവും ഉയർത്തുന്നതിന് ഏകീകൃത പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ സമഗ്ര വിവരങ്ങൾ ചേർത്ത് ദേശീയ ഡാറ്റാബേസ് നിർമിച്ചാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്.
ഓരോ വിദ്യാർഥിയുടെയും മെഡിക്കൽ ചരിത്രം അപ്ഡേറ്റ് ചെയ്യുക, ഉയരം, ഭാരം, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ വളർച്ചാ സൂചകങ്ങൾ വിലയിരുത്തുക, കാഴ്ച പരിശോധന, നട്ടെല്ലിന് ഉണ്ടാകുന്ന വളവ്, ശ്രവണ ശേഷി, ദന്താരോഗ്യ പരിശോധന, മനോനില, പെരുമാറ്റം എന്നിവ സമയബന്ധിതമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക, പ്രതിരോധ കുത്തിവയ്പ് നടത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. 10 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കിടയിൽ പുകവലി ശീലമുണ്ടോയെന്നും പരിശോധിക്കും.