ജയ്പൂര്‍: ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി. ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്‍. ഹൈദരാബാദുകാരനായ വെങ്കടദത്ത സായി പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വിവാഹം.

ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തില്‍ രാജ്യത്തെ രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തുവെന്നാണ് വിവരം. എന്നാല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ ദമ്പതികള്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ല.
കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ചൊവ്വാഴ്ച ഹൈദരാബാദിവെച്ചാണ് ഇരുകുടുംബങ്ങളും ചേര്‍ന്ന് നടത്തുന്ന വിവാഹസത്കാരം. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടെന്നും ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ നേരത്തേ അറിയിച്ചിരുന്നു. ജനുവരിയില്‍ സിന്ധു വീണ്ടും ബാഡ്മിന്റണ്‍ മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിനുമുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.